Friday, July 19, 2013

 
അഹല്യാമോക്ഷം
എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരൻതന്നോടു പരമാർത്ഥം:
"കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വർദ്ധിച്ചീടും തപസാ വാഴുംകാലം
ലോകേശൻ നിജസുതയായുളേളാരഹല്യയാം
ലോകസുന്ദരിയായി ദിവ്യകന്യകാരത്നം
ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൌതുകംപൂണ്ടു ഭാര്യാഭർത്താക്കന്മാരായവർ.
ഭർത്തൃശുശ്രൂഷാബ്രഹ്‌മചര്യാദിഗുണങ്ങൾ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും
തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം. 1000
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖൻ
ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ
സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോർത്തു 1010
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ
സന്ധ്യാവന്ദനത്തിനു ഗൌതമൻ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാൽ.
സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും
മിത്രൻതന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു
വൃത്രാരാതിക്കു മുനിശ്രേഷ്‌ഠനെ ബലാലപ്പോൾ
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാൻ. 1020
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ-
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
'നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം.
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം?
നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്‌കിൽ ഭസ്മമാക്കുവേനിപ്പോൾ."
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
'സ്വർല്ലോകാധിപനായ കാമകിങ്കരനഹം 1030
വല്ലായ്‌മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ!'
'സഹസ്രഭഗനായി ബ്‌ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കർമ്മഫലമെല്ലാം.'
തപസ്വീശ്വരനായ ഗൌതമൻ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുൾചെയ്തു
താപസോത്തമനായ ഗൌതമൻ കോപത്തോടെഃ
'കഷ്ടമെത്രയും തവ ദുർവൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമർത്ഥ്യം നന്നു പാരം. 1040
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവൻ
നിഷ്‌കൃതിയായുളെളാരു ദുർദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്‌ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവർഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050
ശ്രീരാമപാദാംഭോജസ്പർശമുണ്ടായീടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോൾ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'
എന്നരുൾചെയ്തു മുനി ഹിമവൽപാർശ്വം പുക്കാ-
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിർപ്പൊടിയേൽപാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളിൽ. 1060
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
ബ്രഹ്‌മനന്ദനയായ ഗൌതമപത്നിയുടെ
കൽമഷമശേഷവും നിന്നുടെ പാദങ്ങളാൽ
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിർമ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാൽ."

ഗാഥിനന്ദനൻ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാൻ. 1070
ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-
മഗ്രേ കാൺകെന്നു കാട്ടിക്കൊടുത്തു മുനിവരൻ.
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവൻ
ശ്രീപതി രഘുപതി സൽപതി ജഗൽപതി.
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥൻ
കോമളരൂപൻ മുനിപത്നിയെ വണങ്ങിനാൻ.
അന്നേരം നാഥൻതന്നെക്കാണായിതഹല്യയ്‌ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
താപസശ്രേഷ്‌ഠനായ കൌശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080
ശാപനാശനകരനായൊരു ദേവൻതന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും
ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൌഘവന്ദിതപാദത്തോടും
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലൻതന്നെക്കാണായിതഹല്യയ്‌ക്കും.
തന്നുടെ ഭർത്താവായ ഗൌതമതപോധനൻ
തന്നോടു മുന്നമുരചെയ്തതുമോർത്താളപ്പോൾ. 1090
നിർണ്ണയം നാരായണൻതാനിതു ജഗന്നാഥ-
നർണ്ണോജവിലോചനൻ പത്മജാമനോഹരൻ
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ
സത്വരമർഘ്യാദികൾകൊണ്ടു പൂജിച്ചീടിനാൾ.
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീർന്നു ദണ്ഡനമസ്‌കാരവും ചെയ്താൾ.
ചിത്തകാമ്പിങ്കലേറ്റം വർദ്ധിച്ച ഭക്തിയോടു-
മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവർണ്ണത്തോടും. 1100
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താൾ

No comments:

Post a Comment