Thursday, July 18, 2013


 
പുത്രലാഭാലോചന  
അമിതഗുണവാനാം നൃപതി ദശരഥ- 
നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ 
അമരകുലവരതുല്യനാം സത്യപരാ- 
ക്രമനംഗജസമൻ കരുണാരത്നാകരൻ 520 
കൌസല്യാദേവിയോടും ഭർത്തൃശ്രുശ്രൂഷയ്‌ക്കേറ്റം 
കൌശല്യമേറീടും കൈകേയിയും സുമിത്രയും 
ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്‌ 
കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം 
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു 
പരിതാപേന ഗുരുചരണാംബുജദ്വയം 
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ 
നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം. 
പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ- 
മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530 
വരിഷ്‌ഠതപോധനൻ വസിഷ്‌ഠനതു കേട്ടു 
ചിരിച്ചു ദശരഥനൃപനോടരുൾചെയ്തുഃ 
"നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു- 
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ! 
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ 
ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം."
പുത്രകാമേഷ്ടി
തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ 
മന്നവൻ വൈഭണ്ഡകൻതന്നെയും വരുത്തിനാൻ. 
ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ 
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540 
അശ്വമേധാനന്തരം താപസന്മാരുമായി 
വിശ്വനായക സമനാകിയ ദശരഥൻ 
വിശ്വനായകനവതാരംചെയ്‌വതിനായി 
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം 
ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടൊരാഹൂതിയാലേ 
വിശ്വദേവതാഗണം തൃപ്തമായതുനേരം 
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി 
ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ. 
'താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ 
ദേവനിർമ്മിത'മെന്നു പറഞ്ഞു പാവകനും 550 
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു; 
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും. 
ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂർവം 
ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ 
കൌസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ 
ശൈഥില്യാത്മനാപാതി നല്‌കിനാൻ കൈകേയിക്കും. 
അന്നേരം സുമിത്രയ്‌ക്കു കൌസല്യാദേവിതാനും 
തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ. 
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും 
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560 
തൽപ്രജകൾക്കു പരമാനന്ദംവരുമാറു 
ഗർഭവും ധരിച്ചിതു മൂവരുമതുകാലം 
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ 
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ 
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു- 
മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ 
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുംതോറു- 
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും. 
തൽപ്രണയിനിമാർക്കുളളാഭരണങ്ങൾപോലെ 
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും 570 
അൽപമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു- 
മൽപഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം. 
സീമന്തപുംസവനാദിക്രിയകളുംചെയ്തു 
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ.
ശ്രീരാമാവതാരം
ഗർഭവും പരിപൂർണ്ണമായ്‌ ചമഞ്ഞതുകാല-
മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.
ഉച്ചത്തിൽ പഞ്ചഗ്രഹം നില്‌ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയിൽ കൌസല്യാത്മജനായാൻ.
നക്ഷത്രം പുനർവസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 580
കർക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ;
അർക്കനുമത്യുച്ചസ്ഥനു, ദയം കർക്കടകം;
അർക്കജൻ തുലാത്തിലും, ഭാർഗ്ഗവൻ മീനത്തിലും,
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നിൽ
നില്‌ക്കുമ്പോളവതരിച്ചീടിനാൻ ജഗന്നാഥൻ
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാൾ സുമിത്രയും പെറ്റിതു പുത്രദ്വയം.
ഭഗവാൻ പരമാത്മാ മുകുന്ദൻ നാരായണൻ
ജഗദീശ്വരൻ ജന്മരഹിതൻ പത്മേക്ഷണൻ 590
ഭുവനേശ്വരൻ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോൾ കാണായീ കൌസല്യയ്‌ക്കും
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിർമ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും 600
ശംഖചക്രാബ്‌ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്‌
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമകന്ന പാദാബ്‌ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാൽ ശ്രീനാരാണൻതാനിതെന്നറിഞ്ഞപ്പോൾ 610
സുന്ദരഗാത്രിയായ കൌസല്യാദേവിതാനും 
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാൾ.

കൗസല്യാസ്തുതി 
"നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൌരേ! നമസ്തേ ജഗൽപതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാർക്കുപോലുമറിവാൻ വേലയത്രേ. 620
പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
പരമാത്മാവു പരൻപുരുഷൻ പരിപൂർണ്ണൻ
അച്യുതനന്തനവ്യക്തനവ്യയനേകൻ
നിശ്ചലൻ നിരുപമൻ നിർവാണപ്രദൻ നിത്യൻ
നിർമ്മലൻ നിരാമയൻ നിർവികാരാത്മാ ദേവൻ
നിർമ്മമൻ നിരാകുലൻ നിരഹങ്കാരമൂർത്തി
നിഷ്‌കളൻ നിരഞ്ജനൻ നീതിമാൻ നിഷ്‌കൽമഷൻ
നിർഗ്ഗുണൻ നിഗമാന്തവാക്യാർത്ഥവേദ്യൻ നാഥൻ
നിഷ്‌ക്രിയൻ നിരാകാരൻ നിർജ്ജരനിഷേവിതൻ
നിഷ്‌കാമൻ നിയമിനാം ഹൃദയനിലയനൻ 630 
അദ്വയനജനമൃതാനന്ദൻ നാരായണൻ 
വിദ്വന്മാനസപത്മമധുപൻ മധുവൈരി 
സത്യജ്ഞാനാത്നാ സമസ്തേശ്വരൻ സനാതനൻ 
സത്വസഞ്ചയജീവൻ സനകാദിഭിസ്സേവ്യൻ 
തത്വാർത്ഥബോധരൂപൻ സകലജഗന്മയൻ 
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം. 
നിന്തിരുവടിയുടെ ജഠരത്തിങ്കൽ നിത്യ- 
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങൾ കിടക്കുന്നു. 
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി- 
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640 
ഭക്തന്മാർവിഷയമായുളെളാരു പാരവശ്യം 
വ്യക്തമായ്‌ക്കാണായ്‌വന്നു മുഗ്‌ദ്ധയാമെനിക്കിപ്പോൾ. 
ഭർത്തൃപുത്രാർത്ഥാകുലസംസാരദുഃഖാംബുധൌ 
നിത്യവും നിമഗ്നയായത്യർത്ഥം ഭ്രമിക്കുന്നേൻ. 
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ- 
ലിന്നു നിൻ പാദാംഭോജം കാണ്മാനും യോഗം വന്നു. 
ത്വൽക്കാരുണ്യത്താൽ നിത്യമുൾക്കാമ്പിൽ വസിക്കേണ- 
മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാൻ. 
വിശ്വമോഹിനിയായ നിന്നുടെ മഹാമായ 
വിശ്വേശ! മോഹിപ്പിച്ചീടായ്‌ക മാം ലക്ഷ്മീപതേ! 650 
കേവലമലൌകികം വൈഷ്ണവമായ രൂപം 
ദേവേശ! മറയ്‌ക്കേണം മറ്റുളേളാർ കാണുംമുമ്പേ. 
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു 
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ! 
പുത്രവാത്സല്യവ്യാജമായൊരു പരിചര- 
ണത്താലേ കടക്കേണം ദുഃഖസംസാരാർണ്ണവം." 
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോൾ 
ഭക്തവത്സലൻ പുരുഷോത്തമനരുൾചെയ്തുഃ
"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ- 
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660 
ദുർമ്മദം വളർന്നോരു രാവണൻതന്നെക്കൊന്നു 
സമ്മോദം ലോകങ്ങൾക്കു വരുത്തിക്കൊൾവാൻ മുന്നം 
ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാർ 
നിർമ്മലപദങ്ങളാൽ സ്തുതിച്ചു സേവിക്കയാൽ 
മാനവവംശത്തിങ്കൽ നിങ്ങൾക്കു തനയനായ്‌ 
മാനുഷവേഷം പൂണ്ടു ഭൂമിയിൽ പിറന്നു ഞാൻ. 
പുത്രനായ്‌ പിറക്കണം ഞാൻതന്നെ നിങ്ങൾക്കെന്നു 
ചിത്തത്തിൽ നിരൂപിച്ചു സേവിച്ചു ചിരകാലം 
പൂർവജന്മനി പുനരതുകാരണമിപ്പോ- 
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670 
ദുർല്ലഭം മദ്ദർശനം മോക്ഷത്തിനായിട്ടുളേളാ,- 
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം. 
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊൾ- 
കെന്നാൽ വന്നീടും മോക്ഷ,മില്ല സംശയമേതും. 
യാതൊരു മർത്ത്യനിഹ നമ്മിലേ സംവാദമി- 
താദരാൽ പഠിക്കതാൻ കേൾക്കതാൻ ചെയ്യുന്നതും 
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും; 
ചേതസി മരിക്കുമ്പോൾ മൽസ്മരണയുമുണ്ടാം."
ഇത്തരമരുൾചെയ്തു ബാലഭാവത്തെപ്പൂണ്ടു 
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോൻ 680 
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര- 
വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ 
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക- 
വൃന്ദവന്ദിതൻ ഭൂവി വന്നവതാരംചെയ്താൻ. 
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്‌ക്തി- 
സ്യന്ദനനഥ പരമാനന്ദാകുലനായാൻ 
പുത്രജന്മത്തെച്ചൊന്ന ഭൃത്യവർഗ്ഗത്തിനെല്ലാം 
വസ്‌ത്രഭൂഷണാദ്യഖിലാർത്ഥദാനങ്ങൾചെയ്താൻ. 
പുത്രവക്ത്രാബ്‌ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു 
ശുദ്ധനായ്‌ സ്നാനംചെയ്തു ഗുരുവിൻ നിയോഗത്താൽ 690 
ജാതകകർമ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ- 
ജ്ജാതനായിതു കൈകേയീസുതൻ പിറ്റേന്നാളും. 
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു- 
മമിത്രാന്തകൻ ദശരഥനും യഥാവിധി 
ചെയ്തിതു ജാതകർമ്മം ബാലന്മാർക്കെല്ലാവർക്കും 
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കൾ ജനങ്ങൾക്കും. 
സ്വർണ്ണരത്നൌഘവസ്‌ത്രഗ്രാമാദിപദാർത്ഥങ്ങ- 
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം 
വിണ്ണവർനാട്ടിലുമുണ്ടായിതു മഹോത്സവം 
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700 
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ 
രമിച്ചീടുന്നു നിത്യമെന്നോർത്തു വസിഷ്‌ഠനും 
ശ്യാമളനിറംപൂണ്ട കോമളകുമാരനു 
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ; 
ഭരണനിപുണനാം കൈകേയീതനയനു 
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി; 
ലക്ഷണാന്വിതനായ സുമിത്രാതനയനു 
ലക്ഷ്മണനെന്നുതന്നെ നാമവുമരുൾചെയ്തു; 
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌ 
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും. 710 
നാമധേയവും നാലുപുത്രർക്കും വിധിച്ചേവം 
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാൻ.
സാമോദം ബാലക്രീഡാതൽപരന്മാരാംകാലം 
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും 
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും 
മരുവീടുന്നു പായസാംശാനുസാരവശാൽ 
കോമളന്മാരായൊരു സോദരന്മാരുമായി 
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവൻ 
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണം കൊണ്ടും 
സാരസ്യാവ്യക്തവർണ്ണാലാപപീയൂഷം കൊണ്ടും 720 
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും 
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും 
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും 
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും 
ഭൂതലസ്ഥിതപാദാബ്‌ജദ്വയയാനംകൊണ്ടും 
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും 
താതനുമമ്മമാർക്കും നഗരവാസികൾക്കും 
പ്രീതി നല്‌കിനാൻ സമസ്തേന്ദൃയങ്ങൾക്കുമെല്ലാം. 
ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്‌ 
മാലേയമണിഞ്ഞതിൽ പേറ്റെടും കരളവും 730 
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ 
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും 
കർണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന 
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡങ്ങളും 
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും 
ചേർത്തുടൻ കാർത്തസ്വരമണികൾ മദ്ധേമദ്ധ്യേ 
കോർത്തു ചാർത്തീടുന്നൊരു കാണ്‌ഠകണ്ഡോദ്യോതവും 
മുത്തുമാലകൾ വനമാലകളോടുംപൂണ്ട 
വിസ്‌തൃതോരസി ചാർത്തും തുളസീമാല്യങ്ങളും 
നിസ്തൂലപ്രഭവത്സലാഞ്ഞ്‌ഛനവിലാസവും 740 
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും 
അംഗുലീയങ്ങൾകൊണ്ടു ശോഭിച്ച കരങ്ങളും 
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും 
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം 
അലങ്കാരങ്ങൾപൂണ്ടു സോദരന്മാരോടുമൊ- 
രലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കു നാഥൻ. 
ഭർത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയിൽ 
പൊൽത്താർമാനിനിതാനും കളിച്ചുവിളങ്ങിനാൾ. 
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം 
ഭൂതിയും വർദ്ധിച്ചിതു ലോകവുമാനന്ദിച്ചു

ബാല്യവും കൗമാരവും
ദമ്പതിമാരെബ്ബാല്യംകൊണ്ടേവം രഞ്ജിപ്പിച്ചു
സമ്പ്രതി കൌമാരവും സമ്പ്രാപിച്ചിതു മെല്ലെ.
വിധിനന്ദനനായ വസിഷ്‌ഠമഹാമുനി
വിധിപൂർവകമുപനിച്ചിതു ബാലനമാരെ.
ശ്രുതികളോടു പുനരംഗങ്ങളുപാംഗങ്ങൾ
സ്‌മൃതികളുപസ്‌മൃതികളുമശ്രമമെല്ലാം
പാഠമായതു പാർത്താലെന്തൊരത്ഭുത,മവ
പാടവമേറും നിജശ്വാസങ്ങൾതന്നെയല്ലോ.
സകലചരാചരഗുരുവായ്മരുവീടും
ഭഗവാൻ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും 760
സഹസ്രപത്രോത്ഭവപുത്രനാം വസിഷ്‌ഠന്റെ
മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോർത്താൽ!
ധനുവേദാംഭോനിധിപാരഗന്മാരായ്‌വന്നു
തനയന്മാരെന്നതു കണ്ടോരു ദശരഥൻ
മനസി വളർന്നൊരു പരമാനന്ദംപൂണ്ടു
മുനിനായകനേയുമാനന്ദിപ്പിച്ചു നന്നായ്‌.
ആമോദം വളർന്നുളളിൽ സേവ്യസേവകഭാവം
രാമലക്ഷ്മണന്മാരും കൈക്കൊണ്ടാ,രതുപോലെ
കോമളന്മാരായ്മേവും ഭരതശത്രുഘ്നന്മാർ
സ്വാമിഭൃത്യകഭാവം കൈക്കൊണ്ടാരനുദിനം. 770
രാഘവനതുകാലമേകദാ കൌതൂഹലാൽ
വേഗമേറീടുന്നൊരു തുരഗരത്നമേറി
പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേർന്നു
ബാണതൂണീരഖഡ്‌ഗാദ്യായുധങ്ങളുംപൂണ്ട്‌
കാനനദേശേ നടന്നീടിനാൻ നായാട്ടിനാ-
യ്‌ക്കാണായ ദുഷ്‌ടമൃഗസഞ്ചയം കൊലചെയ്താൻ.
ഹരിണഹരികരികരടിഗിരികിരി
ഹരിശാർദ്ദൂലാദികളമിതവന്യമൃഗം
വധിച്ചു കൊണ്ടുവന്നു ജനകൻകാൽക്കൽവച്ചു
വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാൻ. 780
നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു
ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം
ജനകജനനിമാർചരണാംബുജം വന്ദി-
ച്ചനുജനോടു ചേർന്നു പൌരകാര്യങ്ങളെല്ലാം
ചിന്തിച്ചു ദണ്ഡനീതിനീങ്ങാതെ ലോകം തങ്കൽ
സന്തതം രഞ്ജിപ്പിച്ചു ധർമ്മപാലനംചെയ്തു
ബന്ധുക്കളോടും ഗുരുഭൂതന്മാരോടും ചേർന്നു
സന്തുഷ്ടാത്മനാ മൃഷ്ടഭോജനം കഴിച്ചഥ
ധർമ്മശാസ്‌ത്രാദിപുരാണേതിഹാസങ്ങൾ കേട്ടു
നിർമ്മലബ്രഹ്‌മാനന്ദലീനചേതസാ നിത്യം 790
പരമൻ പരാപരൻ പരബ്രഹ്‌മാഖ്യൻ പരൻ
പുരുഷൻ പരമാത്മാ പരമാനന്ദമൂർത്തി
ഭൂമിയിൽ മനുഷ്യനായവതാരംചെയ്തേവം
ഭൂമിപാലകവൃത്തി കൈക്കൊണ്ടു വാണീടിനാൻ.
ചെതസാ വിചാരിച്ചുകാണ്‌കിലോ പരമാർത്ഥ-
മേതുമേ ചെയ്യുന്നോന,ല്ലില്ലല്ലോ വികാരവും
ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ-
മെന്തൊരു മഹാമായാവൈഭവം ചിത്രം! ചിത്രം!
  ബാലകാണ്ഡം - വിശ്വാമിത്രന്റെ യാഗരക്ഷ

No comments:

Post a Comment